
ന്യൂഡൽഹി: ചില്ലറ വിൽപ്പനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന മരുന്നുകൾ രോഗികൾക്ക് ഉയർന്ന പരമാവധി ചില്ലറ വിൽപ്പന വിലയിൽ വിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മരുന്നുവില നിയന്ത്രണങ്ങളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച കോടതി, ഈ അമിത ലാഭക്കൊള്ളയെ 'പിടിച്ചുപറി' (Extortion) എന്നാണ് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരങ്ങിയ ബെഞ്ചാണ് മരുന്നുവില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്.
ചില്ലറ വിൽപ്പനക്കാർക്ക് 2,700 രൂപയ്ക്ക് നൽകുന്ന ഒരു ജീവൻരക്ഷാ കാൻസർ മരുന്നിന്റെ എം.ആർ.പി 27,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അതായത് നൽകുന്ന വിലയുടെ പത്തിരട്ടിയാണ് രോഗിയിൽ നിന്ന് ഈടാക്കുന്നത്.
"ഇത് പിടിച്ചുപറിയല്ലെങ്കിൽ പിന്നെ എന്താണ്? മരുന്നുകൾ വാങ്ങാൻ ആളുകൾ വീടുകളും ആഭരണങ്ങളും വിൽക്കേണ്ടി വരുന്നു," എന്ന് ജസ്റ്റിസ് സന്ദീപ് മേഹ്ത വാദത്തിനിടയിൽ നിരീക്ഷിച്ചു.2013-ലെ ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ (DPCO) ഷെഡ്യൂളിൽ പെടാത്ത മരുന്നുകളുടെ പ്രാരംഭ വില നിയന്ത്രിക്കുന്നില്ലെന്ന് ഹർജിക്കാരൻ കിഷൻ ചന്ദ് ജെയ്ൻ കോടതിയെ അറിയിച്ചു.
വിപണിയിലുള്ള ഏകദേശം 60,000 ബ്രാൻഡുകളിൽ 5,000 എണ്ണം മാത്രമാണ് നിലവിലെ വില നിയന്ത്രണ പരിധിയിൽ വരുന്നത്. വിപണിയിലെ 82 ശതമാനത്തോളം മരുന്നുകളും ഈ നിരീക്ഷണത്തിന് പുറത്താണ്.
അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് വില താരതമ്യം ചെയ്യാൻ അവസരമില്ലാത്ത അവസ്ഥ മുതലെടുത്താണ് പല കമ്പനികളും അമിത വില ഈടാക്കുന്നത്. ഔഷധ വില നിയന്ത്രണ സംവിധാനം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സുപ്രീം കോടതി ഇടപെടൽ വ്യക്തമാക്കുന്നത്.











